തിരുവനന്തപുരം: കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജായ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയ്ഡഡ് പദവി നല്‍കും. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് എയ്ഡഡ് പദവി സംബന്ധിച്ച തീരുമാനമുണ്ടായത്.
കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലാണ് കോളജ് പ്രവർത്തിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നും വിലയിരുത്തലുണ്ട്.
കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ 35 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ലാത്ത 436 പഞ്ചായത്തുകളില്‍ കൂടി താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കുന്നത് അടക്കമുള്ള തീരുമാനങ്ങളും മന്ത്രിസഭായോഗത്തിലെടുത്തു.